2020 മേയ് 31, ഞായറാഴ്‌ച

നൂഹ് നബിയുടെ കപ്പൽ

https://youtu.be/7wDqe_luQ60

ഇറാഖിലെ തുർക്കി അതിർത്തിയോട് ചേർന്ന ഒരു പട്ടണം.   സുമുഖനും സുന്ദരനും ശക്തനുമായ ഒരു മനുഷ്യൻ! വശ്യസുന്ദരമായ, പ്രകാശം പ്രസരിപ്പിക്കുന്ന മുഖം. അദ്ദേഹം എന്താണ് ചെയ്യുന്നതെന്നറിയാമോ?

വലിയമരങ്ങൾ കീറിയെടുത്ത് എന്തോ ഉണ്ടാക്കുകയാണ്. എന്താണത്? കുറെ നേരം നോക്കി നിന്നാൽ നിങ്ങൾക്ക് മനസ്സിലാകും അത് ഒരു കപ്പലാണ്. ഒരു വലിയ പെട്ടകമാണത്... മൂന്ന് നിലകളുള്ളത്...

ആരാണതിനെ കീഴ്പ്പെടുത്തി തന്നത് എന്ന് കപ്പലിനെ കുറിച്ച് ചിന്തിക്കണമെന്ന് അല്ലാഹു മനുഷ്യനോട് ആവശ്യപ്പെടുന്നുണ്ടല്ലോ? ചരിത്രത്തിലെ ഒന്നാമത്തെ കപ്പൽ നിർമ്മാണമാണിത്!

മരങ്ങൾ കൃത്യമായ അളവിൽ മുറിച്ചെടുക്കുക അവ മുറിച്ചെടുത്ത് പലകകളാക്കുക. മരത്തിന്റെ തന്നെ ആണികൾ കൊണ്ട് പലകകളെ തമ്മിൽ അടിച്ചുറപ്പിക്കുക. ഈ ജോലികളെല്ലാം ആരാണ് അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുക്കുന്നത്? കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലെന്ന പോലെ അദ്ദേഹം അത് ചെയ്തു കൊണ്ടേയിരിക്കുന്നു.

അതെ! മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ കപ്പൽ അല്ലാഹുവിൻറെ കൃത്യമായ മേൽനോട്ടത്തിൽ നിർമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് - പക്ഷേ അത് നിർമ്മിക്കുന്നത് എവിടെയാണ്? സമുദ്ര തീരത്തു നിന്ന് എത്രയോ കാതങ്ങൾ അകലെ വലിയ തടാകങ്ങളോ പുഴകളോ ഇല്ലാത്ത പ്രദേശത്ത്?!

ആളുകൾ അദ്ദേഹത്തിന്റെ അടുത്തു കൂടെ കടന്നുപോകുമ്പോൾ  അദ്ദേഹത്തെ പരിഹസിക്കുന്നുണ്ട്.

"ഭ്രാന്തൻ "

ഏതൊരൾക്കും അതൊരു ഭ്രാന്തൻ പദ്ധതിയായിട്ടല്ലേ തോന്നൂ...?

പക്ഷേ പരിഹാസം അദ്ദേഹത്തിന് പുതിയതല്ല! അദ്ദേഹത്തെ അല്ലാഹു അഞ്ച് ദൃഢനിശ്ചയമുള്ള പ്രവാചകന്മാരുടെ കൂട്ടത്തിലാണ് എണ്ണിയത്. കാരണമെന്താണെന്നറിയാമോ? 950 കൊല്ലക്കാലം അദ്ദേഹം തന്റെ ജനങ്ങളെ സത്യമാർഗത്തിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. വളരെ കുറഞ്ഞ ആളുകൾ മാത്രം അദ്ദേഹത്തിൽ വിശ്വസിച്ചു. നാട്ടിലെ പ്രമാണിമാരും അദ്ദേഹത്തിന്റെ ഭാര്യയും മകനും പോലും എതിരാളികളുടെ പാളയത്തിൽ! അദ്ദേഹം ഉപദേശിക്കാൻ തുടങ്ങിയാലാകട്ടെ വിശുദ്ധ ഖുർആൻ പറയുന്ന പോലെ വിരലുകൾ മുഴുവൻ അവർ ചെവിയിൽ തിരുകും, അദ്ദേഹം വരുന്നത് കണ്ടാൽ വസ്ത്രം കൊണ്ട് കാണാതിരിക്കാനായി തല മൂടും..  എന്തൊരവഗണന!!..

 

ഇത്തരം പ്രതിസന്ധികളിൽ ഒമ്പത് നൂറ്റാണ്ടു കാലം പിടിച്ചുനിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ മനോദാർഢ്യം എത്രത്തോളമാണ്? ശരിയാണ് സവിശേഷമായ  അദ്ദേഹത്തിന്റെ മനഃശക്തി തന്നെയാണ് അദ്ദേഹത്തെ നയിക്കുന്നത്.

പക്ഷേ ഇപ്പോൾ അദ്ദേഹം കപ്പൽ ഉണ്ടാക്കുമ്പോൾ സംശയം തോന്നുന്നില്ലേ?... മരുഭൂമിയിൽ എന്താണ് അത് കൊണ്ട് പ്രയോജനം?

അദ്ദേഹത്തിൻറെ മറുപടിയാണ് വിചിത്രം! അവർക്കത് മനസ്സിലാകുന്നില്ല. അത് അങ്ങനെയാണല്ലോ? ഉന്നതമായ മാനസിക വൈജ്ഞാനിക  നിലവാരമുള്ള ആളുകളുടെ സംസാരങ്ങൾ മറ്റുള്ളവർക്ക് പലപ്പോഴും മനസ്സിലാകില്ല... പ്രത്യേകിച്ചും ആദർശപരമായി രണ്ട് തീരങ്ങളിലാകുമ്പോൾ! അദ്ദേഹം അവരോട് പറയുന്നത് "നിങ്ങൾ ഇപ്പോൾ ഞങ്ങളെ പരിഹസിച്ചോളൂ .. നിങ്ങളെ ഞങ്ങൾ പരിഹസിക്കുന്ന ഒരു ദിനം വരാനിരിക്കുന്നു. അന്ന് ഞങ്ങൾ നിങ്ങളെയും പരിഹസിക്കും!"

وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِنْ قَوْمِهِ سَخِرُوا مِنْهُ قَالَ إِنْ تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنْكُمْ كَمَا تَسْخَرُونَ (38)   سورة هود

അദ്ദേഹം പലപ്പോഴും മുന്നറിയിപ്പു നൽകാറുള്ള  പരലോകത്തെയാണ് ഉദ്ദേശിച്ചത് എന്ന് അവർ വിചാരിച്ചു.  അത് അവർക്ക് പ്രശ്നമല്ല. കാരണം അവർക്കതിൽ വിശ്വാസമില്ല തന്നെ! മനുഷ്യൻ മരിച്ച് മണ്ണായിക്കഴിഞ്ഞ് വീണ്ടും എഴുനേൽപ്പിക്കപ്പെടുക... അസംഭവ്യം...

അദ്ദേഹത്തെ അവർ ഭ്രാന്തനെന്ന് വിളിക്കുന്നു... ഭ്രാന്തിന്റെ ഒരു ലക്ഷണവമില്ലാത്ത വ്യക്തിയെ! മുഖം കണ്ടാലറിയാമല്ലോ മനസ്സിലെ തെളിച്ചം!

പിന്നെ എന്താണ് അവരദ്ദേഹത്തെ ഭ്രാന്തനെന്ന് വിളിക്കുന്നത് ?

അത് ചരിത്രത്തിലെ ഒരു വിസ്മയമാണ്! എല്ലാ കാലഘട്ടത്തിലും നല്ലവരായ മനുഷ്യരെയും പ്രവാചകന്മാരെയും എതിരാളികൾ ഭ്രാന്തനെന്നും മാരണക്കാരെന്നും പരിഹസിച്ചു കൊണ്ടിരുന്നു. ആ ദൂതൻമാരിലെ  ഒന്നാമത്തെ കണ്ണിയായ നൂഹ് മുതൽ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബി വരെ ആ പരിഹാസത്തിന് വിധേയരായി.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും ഇതാണ് നൂഹ് നബി-

ആദം നബി മുതൽ ഏതാനും തലമുറകൾക്ക് മുമ്പു വരെ  മനുഷ്യരെല്ലാവരും ഒറ്റ സമൂഹമെന്ന നിലക്ക് അല്ലാഹുവിനെ ഇബാദത്ത് ചെയ്തുകൊണ്ട് കഴിഞ്ഞു കൂടിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അവരെ വഴിപിഴപ്പിക്കാനുള്ള തന്ത്രങ്ങളുമായി അവരുടെ പിന്നിൽ ഇബ്‌ലീസ് കച്ചകെട്ടിയിറങ്ങി. അവന്റെ തന്ത്രം എങ്ങനെയായിരുന്നു.. അറിയാമോ!?

ആദ്യ ഘട്ടത്തിൽ അവരുടെ കൂട്ടത്തിൽ നിന്ന് മരണപ്പെട്ടുപോയ നല്ലവരായ മനുഷ്യരുടെ രൂപങ്ങൾ ഉണ്ടാക്കി അവരോടുള്ള സ്നേഹ ബഹുമാനങ്ങൾ നിലനിർത്താൻ ഉപദേശം. തുടർന്ന് അടുത്ത തലമുറയിലെത്തുമ്പോൾ അല്ലാഹുവിന്റെ അടുക്കൽ അവർക്കുള്ള സ്ഥാനം കാരണം മുൻ തലമുറകൾ അവരോട് ശുപാർശകൾ നടത്തിയിരുന്നുവെന്ന് ദുർബോധനം ചെയ്യുന്നു. പിന്നീട് അടുത്ത തലമുറയിൽ മുൻഗാമികളായ ആളുകൾ ഈ മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കുകയും അവർക്ക്  പൂജ വഴിപാടുകൾ നടത്തുകയും ചെയ്തിരുന്നു എന്നും അതിലൂടെ മാത്രമേ അല്ലാഹുവിന്റെ അടുക്കൽ പരിഗണന ലഭിക്കൂ എന്നും ദുർബോധനം ചെയ്യുന്നു. അങ്ങനെ അവരെ ബഹുദൈവാരാധനയിലേക്ക് തിരിച്ചുവിടുന്നു.

ഇതൊക്കെ തലമുറകളിലൂടെ നൂറ്റാണ്ടുകൾ കൊണ്ട് ഇബ്‌ലീസ്  ഉണ്ടാക്കിയെടുത്തതാണ്.

ഇപ്പോഴാകട്ടെ നൂഹ് നബി വന്ന സന്ദർഭത്തിൽ ആ സമൂഹം  വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്ർ എന്നിങ്ങനെ അഞ്ച് മഹാന്മാരായ ആളുകളുടെ പ്രതിമകൾ ഉണ്ടാക്കി അവരെ അല്ലാഹുവിന് സമന്മാരാക്കി പരിഗണിച്ച് അവരോട് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു പൂജ വഴിപാടുകൾ നടത്തി പൂർണ്ണമായി വിഗ്രഹപൂജയിലേക്ക് എത്തിയിരിക്കുന്നു. അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് അല്ലാഹുവിൻറെ കൽപ്പന.

അദ്ദേഹം അവരോട് പറഞ്ഞു: "എന്റെ ജനങ്ങളെ , നിങ്ങൾ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുക അവനല്ലാതെ നിങ്ങൾക്ക് വേറെ ഇലാഹില്ല. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?"

وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَقَالَ يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ أَفَلَا تَتَّقُونَ (23)    سورة المؤمنون

പ്രതികരണമായി അദ്ദേഹത്തെ അവർ ഭ്രാന്തനാക്കി ചിത്രീകരിക്കുന്നു, പരിഹസിക്കുന്നു.

അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് അവരെ മുന്നറിയിപ്പു നൽകുമ്പോൾ അവർ പ്രതികരിക്കുന്നതാണ് അതിനേക്കാൾ വിവേക ശൂന്യത! എന്തെന്നാൽ അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനോട് ശിക്ഷ കൊണ്ടുവരാൻ പറയുക.  അവർ പറഞ്ഞു: "ഏ നൂഹ് നീ ഒരുപാട് ഉപദേശിച്ചു കഴിഞ്ഞു തർക്കിച്ചു കഴിഞ്ഞു ഇനി മതിയാക്കി നീ മുന്നറിയിപ്പു നൽകുന്ന ശിക്ഷയുമായി ഇങ്ങോട്ട് വരൂ ഞങ്ങൾ സ്വീകരിക്കാൻ തയ്യാറാണ് നീ സത്യവാനെങ്കിൽ ".

قَالُوا يَانُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الصَّادِقِينَ (32)  سورة هود

പാവങ്ങൾ! അല്ലാഹുവിന്റെ ശിക്ഷ താങ്ങാനുള്ള കഴിവ് അവർക്കുണ്ട് പോലും!

 

നാട്ടിൽ മഴ ലഭിക്കാതെ വരൾച്ചയും ക്ഷാമവും രൂക്ഷമായപ്പോൾ നൂഹ് നബി അവരോട് പറയുന്നുണ്ട്: ജനങ്ങളെ, നിങ്ങൾ വെള്ളമില്ലാതെ ഫലങ്ങളില്ലാതെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ്. കാരണം നിങ്ങൾ അല്ലാഹുവിൽ പങ്കു ചേർത്തിരിക്കുന്നു. "നിങ്ങൾ പശ്ചാത്തപിക്കുക! അല്ലാഹു നിങ്ങൾക്ക് ആകാശത്തുനിന്ന് മഴ വർഷിപ്പിച്ചു തരും പുഴയൊഴുക്കി തരും തോട്ടങ്ങൾ ഉണ്ടാക്കി തരും സന്താനങ്ങൾ വർധിപ്പിച്ച് തരും ".

يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا (11) وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا (12)

ദൈവിക നിയമങ്ങളെ അനുസരിക്കലും പ്രാപഞ്ചിക ഘടനയിലെ സന്തുലനവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനുള്ള വിശ്വാസമൊന്നും അവർക്കില്ലല്ലോ. അതിനാൽ ഗുണകാംക്ഷയോടെയുള്ള ഈ വചനങ്ങളെയും അവർ പരിഹാസത്തോടെയാണ് കാണുന്നത്.

അങ്ങനെ ഗുണകാംക്ഷിയെ, ഉപദേശിക്കുന്ന ആളെ അവർ ഭ്രാന്തനാക്കിയിരിക്കുകയാണ്.

യഥാർത്ഥത്തിൽ ആർക്കാണ് ഭ്രാന്ത്?

ന്യായമായ തെളിവില്ലാതെ തങ്ങൾ തന്നെ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്ക് സൃഷ്ടാവായ നാഥന്റെ തുല്യപദവി നൽകുന്നവർക്കോ; അതല്ല അതിനെതിരെ ഏകദൈവത്തെ അനുസരിച്ച് അവന് വഴിപ്പെട്ട് ജീവിക്കാൻ ഉപദേശിക്കുന്ന ഈ പ്രവാചകനോ?

അദ്ദേഹത്തെ അനുസരിക്കാൻ പിന്തുടരാൻ സമൂഹത്തിലെ ദുർബലരായ സ്ഥാനമാനങ്ങളാന്നുമില്ലാത്ത ഏതാനും ആളുകൾ മാത്രമാണ് തയ്യാറായത് - അതുകൊണ്ടാണ് പ്രമാണികളായ ആളുകൾ ചിലപ്പോൾ അദ്ദേഹത്തോട് ചോദിച്ചു: " നൂഹ്, നിന്റെ കൂടെ സമൂഹത്തിലെ അധസ്ഥിതരായ, അഭിപ്രായ സുബദ്ധതയില്ലാത്ത ആളുകൾ മാത്രമല്ലേ കൂടിയിട്ടുള്ളൂ. അതു കൊണ്ട് അവരെ തള്ളിക്കളയാതെ ഞങ്ങൾ നിന്നിൽ വിശ്വസിക്കുന്ന പ്രശ്നമില്ല ".  അദ്ദേഹം അവരോട് പറഞ്ഞു: "നാം അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവരുടെ പ്രവർത്തനങ്ങളുടെ ഫലം അല്ലാഹു അവർക്ക് നൽകും അവരെ ആട്ടിയോടിക്കാൻ ഞാനാളല്ല! നിങ്ങൾ മൂഢൻമാരായ ജനം തന്നെ!" (ഹൂദ് 29-30)

 

അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ  9 നൂറ്റാണ്ടുകൾക്കിടയിൽ ഒരുപാട് തലമുറകൾ കടന്നുപോകുന്നുണ്ട്. മുത്തശ്ശൻമാർ തങ്ങളുടെ പേരക്കുട്ടികളോട് പറഞ്ഞുകൊണ്ടിരിക്കുന്നു: "മക്കളെ ഇതാണ് നൂഹ്... പ്രവാചകനെന്നവകാശപ്പെട്ട് വലിയ ആളാകാൻ ശ്രമിക്കയാണ് - ഭ്രാന്തനാണവൻ - നിങ്ങൾ അവനെ കേട്ടു പോകരുത്! നമ്മുടെ ദൈവങ്ങളായ വദ്ദിനെയും സുവാഇനെയും യഗൂഥിനെയും യഊഖിനെയും നസ്റിനെയും ഒന്നും നിങ്ങൾ ഒഴിവാക്കരുത്! ഏകനായ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യാവൂ എന്നാണവൻ പറയുന്നത്! എന്തൊരു വിവരക്കേട്... ഒരിക്കലും അവനിൽ വിശ്വസിച്ചു പോകരുത് !

 

അവർ വിഗ്രഹങ്ങൾക്ക് ധാരാളം നിവേദ്യങ്ങളും വഴിപാടികളും അർപ്പിച്ചു. പ്രാർത്ഥനകൾക്ക് പുരോഹിതന്മാർ അവരിൽ നിന്ന് നല്ല പ്രതിഫലം കൈപറ്റി. നൂഹ് നബി അവരോട് പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക അവനെ സൂക്ഷിക്കുക!  നിങ്ങൾക്ക് ഞാൻ നൽകുന്ന ഉപദേശത്തിന് നിങ്ങൾ എനിക്ക് പ്രതിഫലമൊന്നും നൽകേണ്ടതില്ല. എന്റെ പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിന്റെ അടുക്കലാണ്.  ഞാൻ അവന്റെ വിശ്വസ്തനായ പ്രവാചകനാണ് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക എന്നെ അനുസരിക്കുക". (സൂറഃ അശുഅറാഅ്-106-110)

പക്ഷേ ആ ജനം അതൊന്നും കേൾക്കാൻ തയ്യാറായില്ല. എല്ലാകാലത്തും ചൂഷിതരായ ആളുകൾ തന്നെയാണല്ലോ ചൂഷകരെ വളർത്തുന്നത്... നല്ല മനുഷ്യരെ പിന്തുടരാനാണ് ആളുകൾക്ക് വൈമനസ്യം.

 പ്രവാചകന്മാരും മനുഷ്യരാണല്ലോ? ക്ഷമയുടെ എല്ലാ പടികളും കയറിക്കഴിഞ്ഞപ്പോൾ അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു:

"എന്റെ നാഥാ  തീർച്ചയായും ഇക്കൂട്ടർ എന്നെ ധിക്കരിച്ചിരിക്കുന്നു. അവർ സാമ്പത്തിലും  സന്താനങ്ങളിലും നഷ്ടം മാത്രം വരുത്തുന്ന ആളുകളെ  പിന്തുടരുകയാണ്. അവർ വലിയ കുതന്ത്രങ്ങൾ പ്രയോഗിക്കുകയാണ് " .

قَالَ نُوحٌ رَبِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَنْ لَمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا (21) وَمَكَرُوا مَكْرًا كُبَّارًا (22) وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا (23) وَقَدْ أَضَلُّوا كَثِيرًا وَلَا تَزِدِ الظَّالِمِينَ إِلَّا ضَلَالًا (24)   سورة نوح

തന്റെ സമൂഹം വിശ്വസിക്കുന്ന ഒരു ലക്ഷണവും കാണാതെ നിരാശനായ അദ്ദേഹത്തോട് അല്ലാഹു പറഞ്ഞു: "താങ്കളുടെ സമൂഹത്തിൽ ഇനി ആരും വിശ്വസിക്കാൻ പോകുന്നില്ല; ഇപ്പോൾ വിശ്വസിച്ചവർ ഒഴികെ. താങ്കൾ അവർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് നിരാശപ്പെടരുത്! "

وَأُوحِيَ إِلَى نُوحٍ أَنَّهُ لَنْ يُؤْمِنَ مِنْ قَوْمِكَ إِلَّا مَنْ قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ (36) هود

താൻ വിളിച്ചു കൊണ്ടിരുന്ന സത്യമാർഗ്ഗത്തിലേക്ക് ഈ സമൂഹം ഒരിക്കലും വരില്ലെന്ന് ബോധ്യമായപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു: " എന്റെ നാഥാ നീ ഈ അക്രമികളായ ആളുകളെ ഭൂമിയിൽ ബാക്കിയാക്കരുത്, തീർച്ചയായും അവരെ നീ ശേഷിപ്പിച്ചാൽ അവർ നിന്റെ അടിയാറുകളെ മുഴുവൻ വഴി തെറ്റിക്കും.  ഇനി സത്യനിഷേധികളും പാപികളും മാത്രമേ അവരുടെ സന്താനങ്ങളായി ജനിക്കൂ. അതിനാൽ അക്കൂട്ടത്തിൽ   ഒരാളെയും ബാക്കിയാക്കാതെ നീ അവരെ ശിക്ഷിക്കണം. നാഥാ നീയെനിക്കു പൊറുത്തു തരണം. എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ എന്നോടൊപ്പം പ്രവേശിച്ച വിശ്വാസികൾക്കും വിശ്വാസിനികൾക്കും നീ പൊറുത്തു തരണം. അക്രമികൾക്ക് നാശമല്ലാതെ ഒന്നും നീ വർധിപ്പിക്കരുത് ".

وَقَالَ نُوحٌ رَبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا (26) إِنَّكَ إِنْ تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا (27) رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا (28)

 

ദീർഘകാലം  തന്റെ കൽപ്പനകൾ ശിരസാവഹിച്ച് മടുപ്പില്ലാതെ, ദൃഢനിശ്ചയത്തോടെ പ്രബോധന മാർഗത്തിൽ നിലകൊണ്ട പ്രവാചകന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുകയാണ്. അങ്ങനെ അദ്ദേഹത്തോട് കപ്പൽ ഉണ്ടാക്കാൻ ആവശ്യപ്പെടുന്നു. എന്റെ മേൽനോട്ടത്തിൽ താങ്കൾ ഒരു കപ്പൽ ഉണ്ടാക്കുക. അന്ന് വരെ ലോകത്ത് ഒരു കപ്പൽ ഉണ്ടായിട്ടില്ല. ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യയും ആർക്കുമറിയില്ല. അപ്പോൾ അല്ലാഹുവിന്റെ മേൽനോട്ടത്തിൽ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിൽ കപ്പൽ ഉണ്ടാക്കാൻ ആവശ്യപ്പെടുന്നു.

അദ്ദേഹം കൽപ്പന നിറവേറ്റുന്നു. ജനങ്ങൾ അദ്ദേഹത്തെ പരിഹസിക്കുന്നു. പരിഹാസത്തിന് മറുപടി: " ഒരു ദിവസം വരും അന്ന് ഞങ്ങൾ നിങ്ങളെയും പരിഹസിക്കും എന്ന് മാത്രം".

അദ്ദേഹത്തിന്റെ ഭാര്യയും ഒരു  മകനും എതിരാളികളുടെകൂടെയാണ്.  സമൂഹത്തിലും കുടുംബത്തിലുമൊക്കെ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ മാനസികാവസ്ഥ നമ്മൾ ഒന്നു ചിന്തിക്കുക. എന്നിട്ടും നൂഹ് നബി സ്ഥൈര്യത്തോടെ നിലകൊണ്ടു.

കപ്പലിന്റെ വലുപ്പം എത്രയായിരുന്നു, നമുക്കറിയില്ല. വളരെ വളരെ വലുതായിരിക്കണം...... കാരണം അല്ലാഹു അദ്ദേഹത്തോട് പറയുന്നതായി ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: "ഈ ഭൂമിയിലെ എല്ലാ ജീവികളിൽ നിന്നും ഇണകളെ അതിൽ പ്രവേശിപ്പിക്കുക! "  (സൂറഃ ഹൂദ്-40).

പ്രളയാനന്തര ഭൂമിയിൽ ബാക്കിയാവേണ്ടവരാണവർ...

വിശ്വാസികളും മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളുമെല്ലാം കപ്പലിൽ ഇടംപിടിച്ചു. അല്ലാഹുവിന്റെ തീരുമാനമായിരുന്നു അത്.

അതെങ്ങനെ നടക്കും എന്നൊക്കെ നമുക്ക് ചിന്തിക്കാം. പ്രളയ സമയങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന തുരുത്തുകളിൽ അന്നേ വരെ പരസ്പര ശത്രുക്കളായ ജീവജാലങ്ങൾ ഒന്നിച്ചു കൂടുന്നത് നമ്മൾ കാണാറുണ്ടല്ലോ? ;

പിന്നെ വിശ്വാസികൾ അല്ലാഹു പറഞ്ഞത് തന്റെ യുക്തിക്ക് ബോധ്യപ്പെട്ടില്ല എന്നതുകൊണ്ടുമാത്രം വിശ്വസിക്കാതിരിക്കുകയില്ലല്ലോ?

ഒടുവിൽ ആ ദിവസം വന്നെത്തി! അതിശക്തമായ മഴ തിമിർത്തു പെയ്തു. അടുപ്പുകളിൽ നിന്നു പോലും ഉറവകൾ പൊട്ടിയൊഴുകി. വെള്ളം ഉയർന്നു തുടങ്ങി. നൂഹ് നബിയോട് അല്ലാഹു പറഞ്ഞു: "അല്ലാഹുവിൻറെ നാമത്തിൽ നിങ്ങൾ കപ്പലിൽ കയറുക "

وَقَالَ ارْكَبُوا فِيهَا بِسْمِ اللَّهِ مَجْرَاهَا وَمُرْسَاهَا إِنَّ رَبِّي لَغَفُورٌ رَحِيمٌ (41) هود

സർവ്വത്ര വെള്ളം... ഭൌമോപരിതലത്തിൽ വെള്ളം ഉയർന്നുയർന്നു വന്നു. അല്ലാഹുവിന്റെ നാമത്തിൽ കപ്പൽ ചലിക്കാൻ തുടങ്ങി. കപ്പലിൽ കയറാത്ത മനുഷ്യരും ജീവജാലങ്ങളുമെല്ലാം ഉയർന്ന പ്രദേശങ്ങളിലേക്ക് അഭയം തേടി ഒഴുകി. മഴ കോരിച്ചൊരിയുകയാണ്. വെള്ളം വീണ്ടും ഉയർന്നു കൊണ്ടേയിരുന്നു. എവിടെയും കര കാണാത്ത സമുദ്രം മാത്രം... ശക്തമായ ഭീമൻ തിരമാലകൾ ആർത്തലച്ചു വന്നു ആഞ്ഞടിച്ചു. തിരമാലകളുടെ ശക്തിയിൽ ജീവജാലങ്ങൾ ചത്തൊടുങ്ങി.

ഒരു മാതാവിനെക്കുറിച്ച് നബി തിരുമേനി പറയുന്നുണ്ട്; വെള്ളം ഉയർന്നപ്പോൾ അവർ തന്റെ കുഞ്ഞിനെയുമായി മല കയറി തുടങ്ങി. പക്ഷേ വെള്ളം അവരുടെ അരയോളം ഉയർന്നു അവർ കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് അഭയം തേടി ഓടിക്കൊണ്ടിരുന്നു.. വെള്ളം വീണ്ടും വീണ്ടും ഉയർന്നു. കഴുത്തോളം വെള്ളമായപ്പോൾ അവർ തന്റെ കുഞ്ഞിനെ ഉയർത്തിപ്പിടിച്ചു. അതേ അവസ്ഥയിൽ അവരുടെ തലയും വെള്ളത്തിൽ മുങ്ങി - അല്ലാഹു ആരോടെങ്കിലും ആ ശിക്ഷാ ദിനത്തിൽ കരുണ കാണിക്കുമായിരുന്നെങ്കിൽ ആ മാതാവിനോടാണ് അന്ന് കരുണ കാണിക്കേണ്ടിയിരുന്നത്".  

അത് ആ സമൂഹത്തിന്റെ ധിക്കാരത്തിനും അതിക്രമങ്ങൾക്കുമുള്ള ശിക്ഷയുടെ ദിനമായിരുന്നു. അള്ളാഹു ഒരു തരിമ്പു പോലും അവരോട് കരുണ കാണിച്ചില്ല; അതിനുമാത്രം അവർ നൂഹ് പ്രവാചകനെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. വിശ്വാസികളെ ഉപദ്രവിച്ചിട്ടുണ്ടായിരുന്നു.

നൂഹ് നബിയുടെ മകൻ മലമുകളിലേക്ക് ഓടുകയാണ്... നൂഹ് നബി മകനെ വിളിച്ചു : " മോനേ ഇന്ന് ഈ കപ്പലിൽ കയറിയവർ മാത്രമേ രക്ഷപ്പെടൂ... ഇങ്ങോട്ട് വരൂ"...

എന്നാൽ ധിക്കാരിയായ മകൻ പ്രതിവചിച്ചു: "ഞാൻ വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ആ മലമുകളിൽ കയറി കൊള്ളാം”.

പക്ഷേ ആ പ്രളയം അവരുടെ വ്യാമോഹങ്ങളെയും അഹങ്കാരങ്ങളെയുമെല്ലാം തകർത്തെറിയാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതായിരുന്നല്ലോ?

തകർത്തു പെയ്തു മഴ... അതിശക്തമായ ഒരു തിരമാലയിൽ മകൻ നൂഹ് നബിയുടെ കാഴ്ചവട്ടത്തു നിന്ന് മറഞ്ഞുപോയി. മനുഷ്യസഹജമായ ദുഃഖം അദ്ദേഹത്തിന്റെ മനസ്സിനെ ഞെരുക്കി കളഞ്ഞു. അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ എന്റെ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്താമെന്നാണല്ലോ നിന്റെ വാക്ക്. ഇത് എന്റെ മകനും നിന്റെ വാഗ്ദാനം സത്യവുമാണ് " .

അല്ലാഹു പറഞ്ഞു: "നൂഹ് അവൻ നിന്റെ കുടുംബത്തിൽ പെട്ടവനല്ല!. അവൻ ഒരു ദുഷ്കർമ്മമാണ്... നീ വിവരമില്ലാത്തവരിൽ പെടാതിരിക്കാൻ നാം ഉപദേശിക്കുകയാണ്.. " (സൂറഃ ഹൂദ് - 46).

നൂഹ് നബി പറഞ്ഞു:  നാഥാ എനിക്കറിയാത്ത കാര്യങ്ങൾ ചോദിക്കുന്നതിൽ നിന്ന്  ഞാൻ നിന്നോട് അഭയം തേടുന്നു, നീ എന്നോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നില്ലായെങ്കിൽ ഞാൻ നഷ്ടക്കാരിൽ പെട്ടു പോകും".

ഭൂമിയിലെ ധിക്കാരികളും അഹങ്കാരികളുമായ എല്ലാവരും നശിച്ചു കഴിഞ്ഞപ്പോൾ അള്ളാഹു ആകാശത്തോട് പറഞ്ഞു: "ആകാശമേ നിന്റെ വെള്ളം നീ വലിച്ചെടുക്കുക, ഭൂമി നിന്റെ വെള്ളം നീ കുടിക്കുക. അങ്ങനെ വെള്ളം വറ്റി. നൂഹ് നബിയുടെ കപ്പൽ ജൂദി പർവ്വതത്തിൽ ഉറച്ചു നിന്നു.

ഇന്നത്തെ തുർക്കിയിലെ അറാറ പർവ്വത നിരകളിലാണ് അത്! മനുഷർക്ക് ദൃഷ്ടാന്തമായി അതിനെ അല്ലാഹു ബാക്കി വച്ചു. പി.ക്കാലത്ത് വരാൻ പോകുന്ന ധിക്കാരികൾക്ക് ഒരു പാഠമായി...

നൂഹ് നബിയും തന്റെ കൂടെയുള്ള വിശ്വാസികളായ മക്കളും അനുയായികളും മാത്രം ഭൂമിയിൽ ബാക്കിയായി. അവർ കപ്പലിൽ നിന്ന് അക്രമങ്ങളും അഹങ്കാരങ്ങളും അനീതികളും അതിന്റെ വക്താക്കളോടൊപ്പം പിഴുതെറിയപ്പെട്ട പുതിയ ഭൂമിയിൽ കാലൂന്നി... അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട്...

അദ്ദേഹത്തിൻറെ മക്കളായ സാം ഹാം യാഫിഥ് എന്നീ മക്കളിലൂടെയാണ് പിന്നീട് ലോകത്ത് മനുഷ്യസമൂഹം വ്യാപിച്ചത്. അതിനാൽ നൂഹ് നബി അറിയപ്പെടുന്നത് മനുഷ്യ സമൂഹത്തിന്റെ  രണ്ടാമത്തെ പിതാവ് എന്ന നിലയിലാണ്.

 

ഗുണപാഠംഃ

ബൈബിളിൽ നിന്ന് തികച്ചും വ്യത്യസ്തമായി സത്യസന്ധമായ ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന ഈ കഥകൾ ഖുർആന്റെ അമാനുഷികത വിളിച്ചോതുന്നു. കഥാകഥനത്തെക്കുറിച്ച് ഖുർആന്റെ പ്രതിപാദനം ഇങ്ങനെ...

تِلْكَ مِنْ أَنْبَاءِ الْغَيْبِ نُوحِيهَا إِلَيْكَ مَا كُنْتَ تَعْلَمُهَا أَنْتَ وَلَا قَوْمُكَ مِنْ قَبْلِ هَذَا فَاصْبِرْ إِنَّ الْعَاقِبَةَ لِلْمُتَّقِينَ (49) 

ഇത് അദൃശ്യ വൃത്താന്തങ്ങളിൽ പെട്ടതാണ്, നാമാണ് താങ്കൾക്ക് ഇത് ബോധനം നൽകുന്നത്, താങ്കൾക്കോ താങ്കളുടെ സമൂഹത്തിനോ ഇതിനു മുമ്പ് ഇക്കാര്യം അറിയുമായിരുന്നില്ല.താങ്കൾ ക്ഷമ അവലംബിക്കുക. അവസാന വിജയം വിശ്വാസികൾക്ക് തന്നെ തീർച്ച.

അല്ലാഹുവിൻറെ ശിക്ഷക്ക് വിധേയരാകുന്ന ആളുകൾക്ക് തിരിച്ചുവരവ് സാധ്യമല്ല! അതുകൊണ്ട്  അവന്റെ കല്പനകൾ അനുസരിച്ച് പരമാവധി സൂക്ഷ്മതയോടെ ജീവിക്കുക.

 

 

 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ