2020 മേയ് 29, വെള്ളിയാഴ്‌ച

ഹാബീലും ഖാബീലും! (ചരിത്രത്തിലെ ഒന്നാമത്തെ കൊലപാതകം)


ആദം നബിയെയും ഹവ്വ ബീവിയെയും ബദ്ധ ശത്രു ഇബിലീസിനെയും സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കി. വിശപ്പും ദാഹവും ക്ഷീണവും ഇല്ലാത്ത ലോകത്തുനിന്ന് അതെല്ലാമുള്ള ലോകത്തേക്കുള്ള മാറ്റം. ഭൂമിയിലെ അവരുടെ പുതിയ ജീവിതം ആരംഭിച്ചു. അവർക്ക് സന്താനങ്ങളുണ്ടായി. അവരിൽ രണ്ട്പേരാണ് ഹാബീലും ഖാബീലും.

നിങ്ങൾക്കറിയുമോ അയാളെ! അത് ഖാബീലാണ്. ആദം നബിയുടെ മകൻ. ലോകാവസാനം വരെയുള്ള കൊലപാതകികളുടെ പാപത്തിന്റെ ഒരംശം അയാൾക്ക് ലഭിക്കുമെന്ന് നബി തിരുമേനി പറഞ്ഞ മനുഷ്യൻ.

അല്ലാഹു തന്റെ കൈകൾ കൊണ്ട് സൃഷ്ടിച്ച ആദം നബിയുടെയും ഇണയായ ഹവ്വാ ബീവിയുടെയും മകൻ.  നഷ്ടസ്വർഗ്ഗത്തെ ഓർത്ത് ആ സ്വർഗത്തിലേക്ക് തിരിച്ചെത്താൻ പ്രതീക്ഷയോടെ അള്ളാഹുവിനെ അനുസരിച്ച് സൽകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നല്ലവരായ മാതാപിതാക്കളുടെ മകൻ!

ആ പിതാവ് എപ്പോഴും മകനെ ഉപദേശിക്കാറുണ്ടായിരുന്നു. "മോനെ മനുഷ്യന്റെ വ്യക്തമായ ശത്രുവാണ് ഇബിലീസ്. അവൻ അല്ലാഹുവിനോട് നന്ദികേടു കാണിച്ച അഹങ്കാരിയാണ്. ആദമിന്റെ മക്കളെ ഞാൻ വഴി തെറ്റിക്കും എന്ന് അല്ലാഹുവിനോട് പ്രഖ്യാപിച്ചവനാണ്. എന്റെ നിഷ്കളങ്കരായ അടിയാറുകളെ നിനക്ക് ഒന്നും ചെയ്യാനാവില്ലെന്നും നിന്നെയും നിന്നെ പിന്തുടരുന്ന വരെയും ഞാൻ നരകത്തിൽ നിറക്കും എന്നും അല്ലാഹു അവന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അവന്റെ കെണിയിൽ ഒരിക്കലും പെട്ടു പോകരുത്! " -

തന്റെ അനുഭവമാണ്, ഗുണകാംക്ഷയുടെ പാരമ്യത്തിലാണ് അദ്ദേഹം പറയുന്നത്. പക്ഷേ ആ ഉപദേശമൊന്നും ഫലവത്തായില്ല.  കാരണം ഇബ്‌ലീസിന്റെ തന്ത്രങ്ങൾ അതിശക്തമാണ്. നേരനുഭവത്തിലൂടെ തങ്ങളുടെ ദൗർബല്യം ബോധ്യപ്പെട്ട ആദമിനെയും ഹവ്വയെയും ഇനിയും തനിക്ക് വഴികേടിലാക്കാൻ സാധ്യമല്ല എന്ന് ഇബ് ലീസ് മനസ്സിലാക്കി. ആദമിന്  സന്തതികളുണ്ടാകുന്നതു ക്ഷമയോടെ കാത്തിരുന്നു.

വിനയാന്വിതനായ പിതാവിനോടുള്ള വിനയവും അല്ലാഹുവിനോടുള്ള അനുസരണയും സൂക്ഷ്മതയും മുഖമുദ്രയാക്കിയ ഹാബീലിന്റെ പിന്നിൽ കൂടുന്നത് സമയനഷ്ടമാണെന്ന് അവനറിയാം.

അതിനാൽ സ്വാർത്ഥതയും ഭൗതികതയോടുള്ള ആർത്തിയും പ്രകടിപ്പിച്ച ഖാബേലിനെ തന്റെ വാഗ്ദത്ത പൂർത്തീകരണത്തിന്റെ ഇരയാക്കി. അങ്ങനെ പിശാച് അവന്റെ ഒന്നാമത്തെ ഇരയെ കണ്ടെത്തി.

അവൻ ഖാബീലിനെ വഴിപിഴപ്പിച്ചു. എങ്ങനെയാണെന്നറിയാമോ?

അസൂയയും വെറുപ്പും അഹങ്കാരവും മനസ്സിൽ നിറച്ചുകൊണ്ട്.

 ഇപ്പോൾ നിങ്ങൾ ഖാബീലിന്റെ ചുമലിൽ രക്തം ഒഴുകി കൊണ്ട് ചേതനയറ്റ നിലയിൽ കിടക്കുന്ന പ്രകാശിതമായ മുഖമുള്ള ആ ശരീരം കാണുന്നില്ലേ? അത് സ്വന്തം സഹോദരനാണ് ഹാബിൽ - അവനെ ഖാബിൽ തന്നെ ക്രൂരമായി കൊന്നതാണ്!

ഭൂമിയിലെ ഒന്നാമത്തെ കൊലപാതകം -

ഇന്നത്തെ പോലെ മൂർച്ചയുള്ള ലോഹങ്ങളുടെ ആയുധങ്ങൾ തോക്കുകൾ ഒന്നുമില്ലാത്ത കാലം.

മനുഷ്യൻ എങ്ങനെയാണ് ഇര പിടിക്കേണ്ടത് എന്ന് പോലും പഠിച്ചു വരുന്നതേയുള്ളൂ ! കൂർത്ത പാറക്കല്ലുകൾ കൊണ്ട് ഇരയെ എറിഞ്ഞു വീഴ്ത്തും എന്നിട്ട് ഭക്ഷിക്കും. സഹോദരനെ കൊല്ലുക എന്നത് മനുഷ്യ സങ്കൽപത്തിൽ പോലും അന്യമായിരുന്ന കാലം! ആദമിന്റെ മക്കൾ അന്ന് സന്തോഷത്തോടെ സഹവർത്തിത്വത്തോടെ സാഹോദര്യത്തോടെ ജീവിച്ചു.

പക്ഷേ ഖാബീലിന്റെ മനസ്സിൽ ഇബിലീസ് അഹങ്കാരത്തിന്റെ, വിദ്വേഷത്തിന്റെ അസൂയയുടെ വെറുപ്പിന്റെ അഗ്നി ജ്വലിപ്പിച്ചു. സഹോദരനോടുള്ള ഒടുങ്ങാത്ത പകയായി അത് മാറി അവന്റെ മനസ്സ് അന്ധകാര നിബിഢമായി.

സംഭവം അല്ലാഹുവിൻറെ ഗ്രന്ഥം നമുക്ക് പറഞ്ഞു തരുന്നുണ്ട്.

وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ (27)

ആദമിന്റെ രണ്ടു മക്കൾ അല്ലാഹുവിന്റെ കല്പനപ്രകാരം ബലി അർപ്പിച്ചു. ഒരാളിൽ നിന്ന് ബലി സ്വീകരിച്ചു. മറ്റേയാളുടേത് സ്വീകരിച്ചില്ല. സ്വീകരിക്കാതിരുന്നപ്പോൾ  സഹോദരനോട്  ഉണ്ടായിരുന്ന പക അതിൻറെ മൂർദ്ധന്യത്തിലെത്തി.

അല്ലാഹു  എന്തുകൊണ്ട് തന്റെ ഖുർബാൻ സ്വീകരിച്ചില്ല?  ഞാനല്ലേ കേമൻ ഹാബേൽ എന്നെക്കാൾ പദവി നേടുകയോ ?അവനെ വെറുതെ വിട്ടുകൂടാ അവൻ എന്നെക്കാൾ കേമനായിക്കൂടാ അവനെ കൊല്ലണം.

നിന്നെ ഞാൻ കൊല്ലും ഒരു അട്ടഹാസമായിരുന്നു അത്.

എന്തിനാണ് സഹോദരൻ തന്നോട് പക കാണിക്കുന്നത് എന്ന് പോലും അറിയാത്ത ഹാബേൽ പറഞ്ഞു.

لَئِنْ بَسَطْتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ (28) إِنِّي أُرِيدُ أَنْ تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ وَذَلِكَ جَزَاءُ الظَّالِمِينَ (29)

 സഹോദരാ നീ എന്നെ കൊല്ലാൻ നിന്റെ കൈകൾ എന്റെ നേരെ നീട്ടിയാലും നിന്നെ കൊല്ലാൻ ഞാൻ എന്റെ കൈകൾ നിന്റെ നേരെ നീട്ടില്ല ഞാൻ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു നീയെന്നെ കൊന്നാൽ എന്റെയും നിന്റെയും പാപങ്ങൾ നീ വഹിക്കുകയും നീ നരകാവകാശിയാവുകയും ചെയ്യും.

പക്ഷേ സഹോദരൻറെ ഈ നിഷ്കളങ്കമായ വാക്കുകളൊന്നും പകയും വിദ്വേഷവും കൊണ്ട് പൊതിയപ്പെട്ട ആ മനസ്സിലേക്ക് കയറുമായിരുന്നില്ല. അന്ധമായ കണ്ണുകളും ബധിരമായ കാതുകളും! പിന്നെ ഘോരമായ തമസ്സ്!

فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ الْخَاسِرِينَ (30)

അവൻ സഹോദരനെ ക്രൂരമായി കൂർത്ത കല്ല് കൊണ്ട് കുത്തി കൊന്നു.

അവനെക്കാൾ ശക്തനായ സഹോദരൻ അവനു മുന്നിൽ നിഷ്കളങ്കനായി പ്രതികരണമില്ലാതെ ഇരുന്നു. ആത്മാവ്  അല്ലാഹുവിന്റെ നിത്യ സ്വർഗ്ഗത്തിലേക്ക്  വഹിക്കപ്പെടാൻ ആഗ്രഹിച്ചുകൊണ്ട്! നശ്വരമായ ഈ ലോകത്തെ വിട്ട് പിതാവ് പറഞ്ഞ വിശപ്പും ദാഹവും ക്ഷീണവും ദു:ഖങ്ങളുമില്ലാത്ത അനശ്വര സ്വർഗ്ഗത്തിന്റെ സുഖ ശീതളിമയിൽ അഭയം തേടാൻ.

ഭൂമിയിൽ ആദ്യമായി ആദം സന്തതി യുടെ ജീവനറ്റ ജഢം.

ആ ശരീരവുമായാണ് ഇപ്പോൾ ഖാബിൽ നടന്നു നീങ്ങുന്നത്

വധിക്കപ്പെട്ട ശരീരം എന്ത് ചെയ്യണമെന്നറിയാതെ!

കൊല്ലുന്ന മൃഗങ്ങളെ ഭക്ഷിക്കാം - - പക്ഷെ സഹോദരനെ ?

 തന്റെ ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്മാർക്കോ കുറുനരികൾക്കോ അതു വിട്ടു കൊടുക്കാനും അവൻറെ മനസ്സ് സമ്മതിക്കുന്നില്ല. എന്തായാലും ഒരു വഴി കാണുന്നതുവരെ നടക്കാം.

ക്ഷീണം തോന്നിയപ്പോൾ അവൻ ഒരു മരച്ചുവട്ടിൽ ഇരുന്നു സഹോദരന്റെ ശരീരം താഴെ വെച്ചു.

ദുഃഖത്തിന്റെ കാർമേഘങ്ങൾ! കുറ്റബോധത്തിന്റെ മിന്നൽ പിണർ!

മുന്നിൽ കത്തിജ്വലിക്കുന്ന തീ... തന്റെ അക്രമത്തിനു മുമ്പിൽ പ്രകോപിതനാവാതെ സഹോദരൻ പറഞ്ഞ ഗുണകാംക്ഷയു വാക്കുകൾ ഇപ്പോൾ കാതുകളിൽ മുഴങ്ങുന്നു. തെളിഞ്ഞു കാണുന്നു. ആ തീ... നരകത്തീ.......

- അവൻ വിദൂരതയിലേക്ക് കണ്ണോടിച്ചു. അതാ അവിടെ  ഒരു കാക്ക. അത് മരിച്ചു കിടക്കുന്ന മറ്റൊരു കാക്കയുടെ ചുറ്റും പറന്ന് ശബ്ദമുണ്ടാക്കുകയാണ് എന്താണവൻ ചെയ്യുന്നത്?

അയാൾ നിരീക്ഷിച്ചു. അവൻ തന്റെ സഹജീവിയെ മണ്ണ് മാന്തി മണ്ണിൽ കുഴിച്ചിടുകയാണ് . ഹോ ... എന്തൊരു ബുദ്ധിയുള്ള ജീവി - തനിക്ക് ഇതു പോലെയാകാൻ കഴിഞ്ഞില്ലല്ലോ-

ജീവനറ്റ് കിടക്കുന്ന സഹോദരൻ ജീവിച്ചിരിക്കുന്ന കാലത്ത് പ്രകൃതിയെ മുഴുവൻ നിരീക്ഷിച്ച് പല കാര്യങ്ങളും തന്നെ പഠിപ്പിച്ചിട്ടുണ്ട്. താനോ അവനോടുള്ള പകയും വിദ്വേഷവുമായി നടക്കുകയായിരുന്നു. ഹാ കഷ്ടം!

فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِ قَالَ يَاوَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِي فَأَصْبَحَ مِنَ النَّادِمِينَ (31)

അങ്ങനെ അയാൾ ആ  അറിവ് പഠിച്ചു. ഒരു കാക്ക ഗുരുനാഥനിൽ നിന്ന്! അതെ മനുഷ്യസമൂഹത്തിന് ശവശരീരങ്ങൾ സംസ്കരിക്കാനുള്ള തന്ത്രം പഠിപ്പിച്ച ആദ്യ ഗുരു കാക്ക. അല്ലെങ്കിലും വിജ്ഞാനത്തിന്റെ കാര്യത്തിൽ ആളെ നോക്കേണ്ടതില്ലല്ലോ എന്താണെന്നല്ലേ നോക്കേണ്ടത്?

അറിവില്ലാത്ത കാര്യങ്ങൾ മനുഷ്യനെ പഠിപ്പിക്കാൻ അള്ളാഹു പ്രകൃതിയിൽ സംവിധാനിച്ച രീതിയാണല്ലോ നിരീക്ഷണം. അപ്പോൾ കാക്ക നിസ്സാരക്കാരനല്ല!

ഖാബിൽ തന്റെ സഹോദരനെ കൊന്നതിലൂടെ നഷ്ടപ്പെട്ടവനും നിത്യ ദുഃഖിതനും ആയി മാറി. അങ്ങനെയാണ് പാപങ്ങൾ! ചെയ്യുമ്പോഴുണ്ടാകുന്ന ആവേശം ചെയ്തുകഴിഞ്ഞാൽ പാപികളിൽ ദൃശ്യമാകില്ല!!. കുറ്റബോധം അവനെ അവന്റെ സ്വസ്ഥത മുഴുവൻ കവർന്നെടുത്ത് അസ്വസ്ഥതകളുടെ  കാണാകയത്തിലേക്ക് നയിക്കും! അവിടെ അവൻ മുങ്ങിത്താഴ്ന്നു കൊണ്ടേയിരിക്കും.

 

ഖാബിൽ തന്റെ സഹോദരനെ കൊന്നതിന് കാരണമായി ചില കഥകളൊക്കെ പറയാറുണ്ട്. ഹവ്വാ ബീവി 20 പ്രസവം /120 പ്രസവം. ഇരട്ടകൾ. അന്നത്തെ നിയമമനുസരിച്ച് ഖാബിൽ വിവാഹം കഴിക്കേണ്ടിയിരുന്നത് ഹാബീലിന്റെ കൂടെ ജനിച്ച ലോഥയേയും ഹാബീൽ വിവാഹം കഴിക്കേണ്ടിയിരുന്നത് ഖാബിലിന്റെ കൂടെ ജനിച്ച ഇഖ്‌ലീമയെയും ആയിരുന്നു. എന്നാൽ സുന്ദരിയായ ഇഖ്‌ലീമക്കു പകരം ലോഥയെ സ്വീകരിക്കാൻ ഖാബീൽ തയ്യാറായില്ല. ആ പകയാണത്രേ കുർബാന നടത്തുന്നതിലും ഒടുവിൽ കൊലപാതകത്തിലേക്കും നയിച്ചത്- സ്ത്രീകളാണ് എല്ലാ പാപത്തിനും നിമിത്തമാകുന്നതെന്ന സൂചന നൽകുന്ന കഥ!

വിശുദ്ധ ഖുർആൻ അങ്ങനെ ഒരു സൂചന നൽകുന്നില്ല - മറിച്ച് അല്ലാഹു ഖുർആനിൽ പറയുന്നത്  സഹോദരന്റെ     ഖുർബാൻ  സ്വീകരിക്കപ്പെടുകയും തന്റെത് തിരസ്കരിക്കപ്പെടുകയും ചെയ്തപ്പോൾ ഖാബീൽ സഹോദരനോട് ഞാൻ നിന്നെ കൊല്ലും എന്ന് പറഞ്ഞു എന്ന് മാത്രമാണ്. അവന്റെ മനസ്സിൽ പിശാചിന് പണിയെടുക്കാൻ പാകത്തിൽ അഹങ്കാരം സൂക്ഷ്മതയുടെ എല്ലാ കണിക്കളും നഷ്ടപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിനാലാണല്ലോ അവന്റെ ഖുർബാൻ സ്വീകരിക്കപ്പെടാതിരുന്നത്

ഈ കഥ വിവരിച്ച ശേഷം ഖുർആൻ പറയുന്നത്.

مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَلِكَ فِي الْأَرْضِ لَمُسْرِفُونَ (32)

 ഇത് കാരണമായി ബനു ഇസ്രായേൽ സമൂഹത്തിന് നാം നിശ്ചയിച്ചു കൊടുത്തു ആരെങ്കിലും ഒരാളെ കൊന്നാൽ അവൻ ജനങ്ങളെ മുഴുവൻ കൊന്നതിനു തുല്യമാണ് ഒരാൾ ഒരാളെ ജീവിപ്പിച്ചാൽ അവൻ മനുഷ്യ സമൂഹത്തെ മുഴുവൻ ജീവിപ്പിച്ചതിന് തുല്യമാണ്.

 

ഗുണപാഠം

 

ഒന്ന്)  അല്ലാഹു തഖ്‌വയുള്ളവരിൽ നിന്ന് മാത്രമേ കർമ്മങ്ങൾ സ്വീകരിക്കുകയുള്ളൂ -

 

2 ) നന്മയിൽ മാതൃക കാണിക്കുന്നവർക്ക്  അതിനെ തുടർന്ന് നന്മ ചെയ്യുന്ന ആളുകളുടെ പ്രതിഫലത്തിൽ ഒരംശം ലഭിക്കും. തിന്മയിൽ മാതൃകയാകുന്ന വർക്ക് പിൽക്കാലത്ത് അത് ചെയ്യുന്ന ആളുകളുടെ ശിക്ഷയുടെ ഒരംശം ലഭിക്കും.

ومن ذلك قوله صلى الله عليه وسلم: " من سن سنة حسنة، فله أجرها وأجر من عمل بها إلى يوم القيامة، ومن سنة سيئة فعليه وزرها ووزر من عمل بها إلى يوم القيامة" 2. رواه مسلم في 4/2059 رقم 1017، وأحمد 4/357، 358 من حديث جرير بن عبد الله.

3) പാപങ്ങൾ താൽക്കാലിക സന്തോഷം നൽകുമെങ്കിലും അത്യന്തികമായി ദു:ഖവും നഷ്ടങ്ങളും ഉണ്ടാക്കും!

4) പകയും വിദ്വേഷവും മനസ്സിലുള്ള കാലത്തോളം മനുഷ്യന് നന്മ ചെയ്യുക കേൾക്കുക എല്ലാം അസാധ്യം

هَاأَنْتُمْ أُولَاءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِالْكِتَابِ كُلِّهِ وَإِذَا لَقُوكُمْ قَالُوا آمَنَّا وَإِذَا خَلَوْا عَضُّوا عَلَيْكُمُ الْأَنَامِلَ مِنَ الْغَيْظِ قُلْ مُوتُوا بِغَيْظِكُمْ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ (119) آل عمران

وَنَزَعْنَا مَا فِي صُدُورِهِمْ مِنْ غِلٍّ إِخْوَانًا عَلَى سُرُرٍ مُتَقَابِلِينَ (47) الحجر

5) നിരീക്ഷണം - അറിവ് നേടാനുള്ള വഴി - ഒട്ടകങ്ങളെ പർവതം ഭൂമിയെ നോക്കാൻ ഖുർആൻ .

أَفَلَا يَنْظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ (17) وَإِلَى السَّمَاءِ كَيْفَ رُفِعَتْ (18) وَإِلَى الْجِبَالِ كَيْفَ نُصِبَتْ (19) وَإِلَى الْأَرْضِ كَيْفَ سُطِحَتْ (20)



kkaaripra@gmail.com

 

 https://youtu.be/FzdUFkSw5xo


 

 

 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ